Friday, October 19, 2007

അവനും അവളും

ഒരു കഥ എഴുതാന്‍ ഇത്രയേറെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്.കഥാബീജം ഉള്ളിലുണ്ട്,പക്ഷെ എത്രയോ തവണ എഴുതുവാന്‍ തുടങ്ങിയിട്ടും മനസ്സിനിഷ്ട്പ്പെട്ട ഒരു തുടക്കം കിട്ടുന്നേയില്ല"

സമയം പൊയ്ക്കൊണ്ടേയിരിക്കുന്നു,എന്തായാലും ഒരു നിശ്ചിതസമയം കൊണ്ട് ഇതെഴുതിത്തീരാനാവുമെന്നെനിക്കു തോന്നുന്നേയില്ല.ഇത് എത്രാമത്തെ തവണയാണ് പേനയുമായി ഈ മല്‍പ്പിടുത്തമെന്ന് എനിക്കറിയത്തില്ല, എന്തായാലും ഇപ്രാവശ്യം എഴുതിയിട്ടേ പേന താഴെവയ്ക്കുമെന്ന് വാശിയിലാണ് ഞാന്‍.

ഹോസ്റ്റ്ലിലെ ഈ ടെറസ്സില്‍ വൈകുന്നേരത്തെ ഈ ഇളം കാറ്റും കൊണ്ട് ഇങ്ങനെയിരിക്കുവാന്‍ എന്തു രസമാണ് .കാറ്റിനു നേര്‍ത്ത തണുപ്പുണ്ടെന്നുതോന്നുന്നു.സൂര്യന്‍ ആകാശച്ചെരുവിലേക്ക് ചാഞ്ഞുകഴിഞ്ഞു.ഈ ജനുവരിയിലെന്താണീ കാര്‍മേഘങ്ങള്‍,ഇന്നു മഴ പെയ്യുമോ!.ഇനി അധികനേരം ഇവിടെ ഇരിക്കുവാന്‍ പറ്റുമെന്നു തോന്നുന്നില്ല,നേരം ഇരുട്ടിത്തുടങ്ങി.തല്‍ക്കാലം കഥയെഴുതുവാനുള്ള മോഹം ഉള്ളിലിരിക്കട്ടെ.പക്ഷെ ഇതാണവസ്ഥയെങ്കില്‍ ഒന്നു രണ്ട് പേജില്‍ ഈ കഥയും അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

എപ്പോഴും എനിയ്ക്കിങ്ങനെയാണ്, എഴുതണമെന്നുള്ള മോഹം ഉണ്ടെങ്കിലും പരീക്ഷയ്ക്കുവേണ്ടി പഠിക്കാനിരിക്കുമ്പോഴാണ് എഴുത്തും വായനയും കൂടുന്നത്.അടുത്തയാഴ്ച്ച ഇന്റേണല്‍ എക്സാം തുടങ്ങുകയാണ്.ആദ്യമൊക്കെ നന്നായി പഠിച്ചിരുന്നു,പക്ഷെ ഈ ഫോര്‍ത്ത് സെമസ്റ്റര്‍ ആയപ്പോള്‍ എങ്ങനെയെങ്കിലും ജയിച്ചോളും എന്ന തോന്നൊലൊക്കെയായി.....

രാത്രിയാകുന്നതോര്‍മിപ്പിച്ചുകൊണ്ട് കാക്കകള്‍ കോഫീ ഹൌസിനു മുകളിലുള്ള ചില്ലകളിലേക്ക് ചേക്കേറിത്തുടങ്ങി.
ഞാന്‍ ഒരുപാടു മാറിപ്പോയി,അല്ല സാഹചര്യങ്ങള്‍ എന്നെ മാറ്റി എന്നു പറയുന്നതാവും ശരി.പക്ഷെ ഈ മാറ്റങ്ങളൊക്കെയും എന്റെ പുറമേ മാത്രമേയുള്ളു,ഉള്ളില്‍ ആളുകളുടെ മുഖത്തുനോക്കാന്‍ മടിയുള്ള,സംസാരിക്കന്‍ പേടിയുളള നാണംകുണുങ്ങിപ്പയ്യന്‍ തന്നെയാണിപ്പഴും.ഞാന്‍ പറയുന്നയുതൊന്ന്,ചിന്തിക്കുന്നത് വേറൊന്ന്,എന്നാല്‍ പ്രവര്‍ത്തിക്കുന്നതോ ഇതുമായി യാതൊരു ബന്ധമില്ലാത്തകാര്യങ്ങളും.

മതി,മതി,മതി നിര്‍ത്താറാ‍യി,ഇനിയും ചിന്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.

ഞാന്‍ പതുക്കെ ടെറസ്സില്‍ എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി.അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നതിനിടയില്‍ പലതും ചിന്തിച്ചുകൂട്ടി.

എന്റെ ജീവിതയാത്രയില്‍ (യാത്ര തുടങ്ങിയതേ ഉള്ളൂവെങ്കിലും)പലപ്പോഴും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നെങ്കിലും എത്തിപ്പിടിക്കനാവുമായിരുന്ന ചെറിയ ചെറിയ ലക്ഷ്യങ്ങളുണ്ടായിരുന്നു.ഈ കുസാറ്റില്‍ ഞാന്‍ എത്തിച്ചേരുമെന്നും എം സി എക്ക് പഠിക്കുമെന്നൊന്നും എന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല.

പക്ഷെ ഡിഗ്രി കഴിഞ്ഞുണ്ടായ അനിശ്ചിതാവസ്ഥ(അതിനെക്കുറിച്ച് പിന്നെപ്പറയാം)എനിക്ക് ഒരു ലക്ഷ്യം നല്‍കി,അതിനു ഒരു കാരണവുമുണ്ട്.സ്വതവേ ആത്മവിശ്വാസമില്ലയ്മ എന്റെ ഒരു പ്രശ്നമാണ്,ഈ ആത്മവിശ്വാസമില്ലയ്മ എല്ലാ കാര്യത്തിലുമുണ്ട് .പക്ഷെ രമ്യയ്ക്ക് സി. ഇ. റ്റി .യില്‍ അഡ്മിഷനും, വരുണിന് സി.റ്റി.എസില്‍ ജോലിയും കിട്ടിയപ്പോള്‍ ഇതൊന്നും കിട്ടാക്കനികളല്ലന്ന് എനിക്കു മനസ്സിലായി.ആ കണ്ടെത്തലാണ് എന്നെ ഈ ക്യാമ്പസില്‍ എത്തിച്ചത്.ഒത്തിരി സ്വപ്നങ്ങളുമായാണ് ഇവിടെ വന്നതെങ്കിലും അഞ്ച് സെമസ്റ്ററുകള്‍ വെറുതെ കഴിഞ്ഞു പോയി.ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം വളര്‍ത്തിക്കൊണ്ടിരിക്കുകയാണു ഞാന്‍.

എന്തായാലും പേനയും പേപ്പറുമായി ഇതിന്റെ മുകളില്‍ വലിഞ്ഞു കയറി ,എന്തെങ്കിലും എഴുതിയിട്ടുപോകാം.പ്രണയത്തെക്കുറിച്ചായലോ,അറിയാത്ത വിഷയമാകുമ്പോള്‍ എന്തും എഴുതാമല്ലോ. സൌഹൃദം ഇന്ന് പ്രണയിക്കാനുള്ള എളുപ്പ വഴിയായാണ് എനിക്കു തോന്നുന്നത് .എന്റെ നല്ല സുഹൃത്തുക്കള്‍ ക്ഷമിക്കുക..........
എന്റെ ചിന്തകള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് കൊച്ചിയിലെ കൊതുകുകള്‍ കൂട്ടമായി എത്തിത്തുടങ്ങി. ഞാന്‍ എന്റെ മുറിയിലേക്ക് പോകുവാന്‍ തീരുമാനിച്ചു.

********************
വേസ്റ്റു ബോക്സ് നിറഞ്ഞ് പേപ്പര്‍ ചുരുളുകള്‍ താഴെ വീണുതുടങ്ങി,എന്നിട്ടും അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു തുടക്കം കിട്ടുന്നില്ല.
“ഞാന്‍ എത്രയോ നേരമായി എഴുതുവാന്‍ ശ്രമിക്കുന്നു,ഇന്ന് കൂട്ടുകാരികളെല്ലാം വീട്ടില്‍ പോയതുകൊണ്ടാണ് കുറേ നാളുകളായി മനസ്സിലുള്ള ആ വരികള്‍ പേപ്പ റിലേക്ക് പകര്‍ത്തണമെന്ന് വിചാരിച്ചത്.പക്ഷെ ചിന്തിച്ചു തുടങ്ങുമ്പോള്‍ ചിന്തകള്‍ കാടുകയറുന്നു.കാടുകയറുന്നെങ്കില്‍ ആയിക്കോട്ടെ ,കാടു കയറി,കാടു കയറി പൂക്കളും പുഴകളും ,പക്ഷികളുമൊക്കെയാകുമ്പോള്‍ നല്ല നല്ല വരികള്‍ താനെ ഒഴുകി വരും.പക്ഷെ പണ്ടൊന്നും ഇങ്ങനത്തെ കുഴപ്പമൊന്നുമില്ലായിരുന്നു.ങാ അന്നൊക്കെ എനിക്കു നല്ല സ്വകാര്യതയുണ്ടായിരുന്നു,ഇന്നു കൂട്ടുകാരികളെയൊക്കെ പേടിച്ചുവേണം ഒരു കവിത എഴുതാന്‍.അവളുമാരുടെ കയ്യിലെങ്ങാനും കിട്ടിയാല്‍ പിന്നെ തീര്‍ന്നു കഥ...“

“ സമയം ഏഴു കഴിഞ്ഞു,ഇനി കുളിച്ചിട്ടാകാം കവിതയെഴുത്ത്. “
**************************
“കുളി കഴിഞ്ഞപ്പോള്‍ മനസ്സിനാകെ ഒരു ഉന്മേഷം തോന്നുന്നു.“
പെട്ടെന്ന് എന്തോ ആവേശത്തില്‍ പേനയും പേപ്പറുമെടുത്ത് അവള്‍ എഴുതിത്തുടങ്ങി. ആ എഴുത്ത് മണിക്കൂറുകളോളം തുടര്‍ന്നു.

“കൊള്ളം അങ്ങനെ എന്റെ സമ്പാദ്യത്തിലേക്ക് ഒന്നു കൂടി.“

കൂട്ടുകാരികളാരെങ്കിലും കാണുമെന്നു പേടിച്ച് കബോര്‍ഡിന്റെ ഏറ്റവും ഉള്ളിലായി മറ്റു ബുക്കുകള്‍ക്കിടയിലായാണ് അവള്‍ തന്റെ കവിതകള്‍ സൂക്ഷിക്കുന്നത്.ആറാം ക്ലാസ്സുമുതല്‍ നിധിപോലെ സൂക്ഷിക്കുന്ന ഈ കവിതകള്‍ അവളുടെ ജീവന്റെ ഭാഗമാണ് .ഈ കവിതയെഴുത്ത് ശരിക്കും അവള്‍ക്കൊരു ശീലമൊന്നുമല്ല.വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴാണ്,അത് സന്തോഷം കൊണ്ടാകാം,സങ്കടം കൊണ്ടാകാം,ഓര്‍മ്മകള്‍ ആകാം,ഏകാന്തതയാവാം,എഴുതുവാന്‍ തോന്നുക.

“ഭക്ഷണം കഴിക്കാറായി.ചില നേരത്ത് കൂട്ടുകാരികള്‍ ശല്യമാണെങ്കിലും ഇപ്പോള്‍ ആകെ ഒരു ഒറ്റപ്പെടല്‍.“

മീര പാത്രവുമായി മെസ്സ് ഹാളിലേക്കു നടന്നു.
തുടരും

10 comments:

പ്രയാസി said...

ഒരു കഥ എഴുതാന്‍ ഇത്രയേറെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്.കഥാബീജം ഉള്ളിലുണ്ട്,പക്ഷെ എത്രയോ തവണ എഴുതുവാന്‍ തുടങ്ങിയിട്ടും മനസ്സിനിഷ്ട്പ്പെട്ട ഒരു തുടക്കം കിട്ടുന്നേയില്ല.
ഒരു ഐഡിയ പറഞ്ഞു തരാം..! അവസാനിക്കുന്നടത്തീന്നു ആരംഭിച്ചാ മതി..
ഉദാ: ശുഭം..! എന്നു പറഞ്ഞു തുടങ്ങണം,
ബുദ്ധിമുട്ടാണെങ്കില്‍ അറബീലു എഴുതിയാലും മതി..:)

Sreejith said...

ഒരു കഥയെഴുതാനുള്ള എളുപ്പവഴി സ്വന്തം കഥയെഴുതുന്നതാണെന്ന് ഞാന്‍ എവിടെയോകേട്ടിട്ടുണ്ട്.അതുകൊണ്ടാണ് സ്വന്തം ജീവിതത്തില്‍ നിന്ന് ചില കഷ്ണങ്ങള്‍ അടര്‍ത്തിയെടുത്ത് എഴുതിത്തുടങ്ങാമെന്ന് കരുതിയത്.പക്ഷെ കഥയുടെ ഒഴുക്കിനുവേണ്ടി ചില കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്നും വ്യത്യസ്ഥമായി കഥക്കിണങ്ങുന്നവിധത്തില്‍ മാറ്റുമ്പോള്‍ ആര്‍ക്കെഅത് കഥയ്ക്കുവേണ്ടിയാണെന്നു കരുതി ക്ഷമിക്കുക.

പ്രിയപ്പെട്ട ബൂലോകം വായനക്കാര്‍ക്കായി ..........

Sreejith said...

ഒരു കഥയെഴുതാനുള്ള എളുപ്പവഴി സ്വന്തം കഥയെഴുതുന്നതാണെന്ന് ഞാന്‍ എവിടെയോകേട്ടിട്ടുണ്ട്.അതുകൊണ്ടാണ് സ്വന്തം ജീവിതത്തില്‍ നിന്ന് ചില കഷ്ണങ്ങള്‍ അടര്‍ത്തിയെടുത്ത് എഴുതിത്തുടങ്ങാമെന്ന് കരുതിയത്.പക്ഷെ കഥയുടെ ഒഴുക്കിനുവേണ്ടി ചില കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്നും വ്യത്യസ്ഥമായി കഥക്കിണങ്ങുന്നവിധത്തില്‍ മാറ്റുമ്പോള്‍ ആര്‍ക്കെങ്കിലും നൊന്തു എങ്കില്‍ അത് കഥയ്ക്കുവേണ്ടിയാണെന്നു കരുതി ക്ഷമിക്കുക.

പ്രിയപ്പെട്ട ബൂലോകം വായനക്കാര്‍ക്കായി ..........

പ്രയാസി said...

എന്റെ കീയൊ കീയൊ..
ഈ ലോകത്തെ ചെറിയ അനുഭവം കൊണ്ടു പറയുകയാണെ.. ഇവിടെ ഈഗൊയൊ വലിപ്പച്ചെറുപ്പമൊ ഇല്ല..
അല്ലെങ്കില്‍ തന്നെ ഈ തൃണമായ ഞാനൊക്കെ എന്തൊ കാണിക്കാനാ..
നന്നായി, കലക്കി, അടിപൊളി, സൂപ്പര്‍, etc..
ഇങ്ങനെ കമന്റാന്‍ ധാരാളം പേരുണ്ടാകും..
അതിനെക്കാലും നല്ലതല്ലെ ഇങ്ങനെയൊരു കമന്റു..
എനിക്കിട്ട കമന്റു ഇഷ്ടപ്പെട്ടു..
പിന്നെ നന്നായി.. എന്നല്ല വ്യത്യസ്ഥതയുണ്ട്..
തുമ്മിയാല്‍ തെറിക്കുന്ന മൂക്കും കൊണ്ടു ബ്ലോഗരുതെ..
എന്റെ കമന്റു താങ്കള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ സോറി..
പക്ഷെ എന്റെ അടുത്ത തല്ലിപ്പൊളി താങ്കളുടെ ഉപദേശപ്രകാരം ശുഭം! എന്നു തന്നെ തുടങ്ങും..:)
സസ്നേഹം..പ്രയാസി..:)

ക്രിസ്‌വിന്‍ said...

പ്രണയത്തെക്കുറിച്ചായലോ,അറിയാത്ത വിഷയമാകുമ്പോള്‍ എന്തും എഴുതാമല്ലോ.
അറിയില്ല?...:)

സഹയാത്രികന്‍ said...

മാഷേ... തങ്കള്‍ പറഞ്ഞത് വളരേ ശരിയാണ്...“ഒരു കഥ എഴുതാന്‍ ഇത്രയേറെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്“... എന്തെഴുതാനും കാണും ഈ ബുദ്ധിമുട്ട്... നമ്മുടെ മനസ്സിലുള്ളത് മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍...

ഇവിടെ താങ്കള്‍ എഴുതിയതില്‍...
“‘എന്റെ‘ ചിന്തകള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് കൊച്ചിയിലെ കൊതുകുകള്‍ കൂട്ടമായി എത്തിത്തുടങ്ങി.‘അവന്‍‘ തന്റെ മുറിയിലേക്ക് പോകുവാന്‍ തീരുമാനിച്ചു.“

ഞാന്‍ , അവന്‍ ഇതു രണ്ടും വ്യത്യസ്ഥങ്ങളല്ലേ... എന്നില്‍ തുടങ്ങിയ എഴുത്ത് പലപ്പോഴും അവനിലേക്ക് പോകുന്നു...

അതു പോലെ രണ്ടാമത്തേതില്‍

“പെട്ടെന്ന് എന്തോ ആവേശത്തില്‍ പേനയും പേപ്പറുമെടുത്ത് എഴുതിത്തുടങ്ങി. ആ എഴുത്ത് മണിക്കൂറുകളോളം തുടര്‍ന്നു.കൊള്ളം അങ്ങനെ ‘എന്റെ‘ സമ്പാദ്യത്തിലേക്ക് ഒന്നു കൂടി.കൂട്ടുകാരികളാരെങ്കിലും കാണുമെന്നു പേടിച്ച് കബോര്‍ഡിന്റെ ഏറ്റവും ഉള്ളിലായി മറ്റു ബുക്കുകള്‍ക്കിടയിലായാണ് ‘അവള്‍‘ തന്റെ കവിതകള്‍ സൂക്ഷിക്കുന്നത്.“
ഇതിലും ആവര്‍ത്തിച്ചിരിക്കുന്നു അതേ കാര്യം...

ഇത്

“പെട്ടെന്ന് എന്തോ ആവേശത്തില്‍ പേനയും പേപ്പറുമെടുത്ത് എഴുതിത്തുടങ്ങി. ആ എഴുത്ത് മണിക്കൂറുകളോളം തുടര്‍ന്നു.

“കൊള്ളം അങ്ങനെ എന്റെ സമ്പാദ്യത്തിലേക്ക് ഒന്നു കൂടി.“

കൂട്ടുകാരികളാരെങ്കിലും കാണുമെന്നു പേടിച്ച് കബോര്‍ഡിന്റെ ഏറ്റവും ഉള്ളിലായി മറ്റു ബുക്കുകള്‍ക്കിടയിലായാണ് അവള്‍ തന്റെ കവിതകള്‍ സൂക്ഷിക്കുന്നത്.

ഇങ്ങനെ ആയിരുന്നെങ്കില്‍ അവളുടെ ആത്മഗതമായി കാണാമായിരുന്നു...

ഒരഭിപ്രായം പറഞ്ഞതാണ്... ആരും പെര്‍ഫക്ട് അല്ല എങ്കിലും.... ശ്രദ്ധിക്കുക.

തുടര്‍ന്നും എഴുതുക...എല്ലാ ആശംസകളും നേരുന്നു

:)

ഓ:ടോ: ഹി..ഹി..ഹി... ക്രിസ്‌വിന്‍ ഭായ് അത് കലക്കി... :)

Sreejith said...

പ്രയാസി :)
സഹയാത്രികന്‍ :നന്ദി ,തിരുത്തിയിട്ടുണ്ട്
ക്രിസ്‌വിന്‍:ശരിക്കും അറിയില്ല

വഴിപോക്കന്‍:നന്ദി.

നിര്‍ദ്ദേസങ്ങളും അഭിനന്ദനങ്ങളും അഭിപ്രായങ്ങളും അറിയിച്ച എല്ലാവര്‍ക്കും നന്ദി...........

നിരക്ഷരൻ said...

തുടര്‍ എഴുതാനുള്ള പരിപാടിയാണല്ലെ? ‘മെഗാസീരിയല്‍ ബ്ലോഗോണിയ‘ എന്ന ഒരു സംഭവം താങ്ങാന്‍ കെല്‍പ്പുനല്‍കേണമേ ബ്ലോഗനാര്‍ക്കാവിലമ്മേ :) :)

നിരക്ഷരൻ said...

Comment moderation has been enabled. All comments must be approved by the blog author.

ഇതൊന്ന് മാറ്റാമോ ?

Sreejith said...

Comment moderation has been enabled. All comments must be approved by the blog author.
ഇത് മാറ്റിയിട്ടുണ്ട്