Sunday, April 4, 2010

എന്റെ വിവാഹപൂർവ്വ ജീവിതം (My Premarital Life)

ഈ തലക്കെട്ട് കണ്ടു എന്റെ കൂടുകാർ പലരും നെറ്റിചുളിച്ചേക്കാം, കാരണം , എനിക്ക് വിവാഹപൂർവ്വ ബന്ധങ്ങളൊന്നും ഇല്ലായിരുന്നെന്ന് അവർക്കറിയാം.പക്ഷേ വിവാഹപൂർവ്വ ജീവിതമെന്നാൽ വിവാഹത്തിനുമുൻപുള്ള ജീവിതമെന്ന ഒരർത്ഥവും ഉണ്ടല്ലോ?.ശരിക്കും ഒരു frustration ന്റെ ഭാഗമായാണ് ഞാൻ എന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതു. ഏകദേശം 25 വയസ്സായപ്പോഴേക്കും എന്റെ അടുത്ത കൂട്ടുകാരെല്ലം ഒന്നുകിൽ വിവാഹിതരായി അല്ലെങ്കിൽ engaged ആയി. ഓരോ കല്യാണത്തിനു പോകുംമ്പോഴും ആളുകൾ ചോദിച്ചു തുടങ്ങി,“ശ്രീജിത്തേ കല്യാണമൊന്നും ആയില്ലേ?“ ദൈവം സഹായിച്ചു എനിക്കൊരനിയത്തി ഉള്ളതിനാൽ പഴി മുഴുവൻ അവളുടെ തലയിൽ ചാരി തടിയൂരി.

പക്ഷേ എന്റെ മനസ്സിനെ ത്രിപ്ത്തിപ്പെടുത്താൻ അതു പോരായിരുന്നു. അങ്ങനെ ഞാനും പെണ്ണന്വേഷണം തുടങ്ങി. ബാംഗ്ലൂരിൽ ആയിരുന്ന സമയത്ത് എന്റെ ഈ ശ്രമങ്ങളൊക്കെ , എന്റെ കൂട്ടൂകാർ തമാശയായിട്ടേ എടുത്തിരുന്നുള്ളു(കാരണമെന്തെന്ന് എനിക്ക് ഇന്നും അറിയില്ല).പിന്നെ ഈ ഫീൽഡിൽ (proposing)എന്റെ സ്കിൽ ലെവൽ ബേസിക്കിലും ബിലോ ആയിരുന്നതു കൊണ്ട് പല ഇഷ്ടങ്ങളും എന്റെ മനസ്സിൽ തന്നെ ഒതുങ്ങി(എന്റെ ഒപ്പം ഉണ്ടായിരുന്ന പല പെൺകുട്ടികളും പറയുന്നത് ആദ്യമൊക്കെ ഞാൻ ഭയങ്കര ജാഡ ആയിരുന്നെന്നാണ് , അതു എന്റെ ചമ്മൽ കാരണമാണെന്ന് പിന്നിട് അവർ തന്നെ പറഞ്ഞിട്ടുണ്ട്).

എന്തായാലും കൊച്ചിയിലെത്തിയപ്പോൾ കാര്യങ്ങളൊക്കെ മാറി. കൂട്ടുകൂടാനായി കമ്പനി കിട്ടിയവരെല്ലാം ഒന്നും രണ്ടും പിള്ളേരുടെ തന്തമാർ , അതുകൊണ്ടുതന്നെ വിവാഹത്തോടുള്ള കാഴ്ച്ചപ്പാടു തന്നെ മാറി. കല്യാണം കഴിക്കാൻ പേടിയായി!.കൊച്ചിയിലെത്തിയപ്പോൾ ഞാൻ ആദ്യം പരിചയപ്പെട്ടത് ക്രഷ്ണകുമാറിനേയും,കാൽ‌വിനേയും ആണ്.വൈകിട്ടത്തെ ചായകുടിക്കിടയിൽ , എന്റെ പ്രിയപ്പെട്ട വിഷയം വിവാഹമായതിനാൽ, സ്വാഭവികമായും ചർച്ചകൾ അതിൽ ചെന്നെത്തി. “ഞാൻ കെകെയോട് ചോദിച്ചു.വിവാഹത്തെക്കുറിച്ച് നിന്റെ അഭിപ്രായമെന്താ?”. “അതിനു രണ്ടു വശങ്ങളുണ്ടെടാ”. “നല്ലതും, ചീത്തയും അല്ലെ?, അതെനിക്കറിയാം.”“പോടാ, സുന്ദരമായ സ്വപ്നങ്ങളുടെ ഒരു വശവും, പച്ച പരമാർത്ഥങ്ങളുടെ വേറൊരു വശവും. കൊല്ലങ്ങളോളം പ്രണയിച്ചിട്ടണു കല്യാണം കഴിക്കുന്നതെൻ‌ങ്കിലും, കല്യാണപ്പിറ്റേന്നുമുതൽ അവൾ ഒരു പുതിയ ആൾ ആയിരിക്കും. നിന്റെ മേൽ അധികാരങ്ങളുള്ള, നിന്റെമേൽ ആധിപത്യം നേടാൻ ശ്രമിക്കുന്ന ഒരു പുതിയ വ്യക്തി. എന്നാൽ,നമ്മൾ പറയുന്നതുകേട്ടു ജീവിക്കുന്ന ഒരു പെണ്ണിനെയാണ് എനിക്കിഷ്ടം. എന്റെ ജീവിതത്തിൽ അതിനു മാറ്റമൊന്നും സംഭവിച്ചിട്ടുമില്ല, പിന്നെ കല്യാണത്തിനുശേഷം കുറച്ചു അടുക്കും ചിട്ടയുമൊക്കെ വന്നു, അത്രതന്നെ.” നിനക്കു, ഭാര്യയുടെമേൽ അത്ര അധികാരമുണ്ടെങ്കിൽ പിന്നെ, ഉച്ചക്കു പുറത്തുപോയി കഴിക്കാൻ വിളിക്കുമ്പോൾ

വീട്ടിലേക്കോടുന്നതെന്തിനാണെന്നു ഞാൻ ചോദിച്ചില്ല.

“എന്റെ കൂടെ എല്ലാ അലമ്പിനും കൂട്ടുനിൽക്കുന്ന പെണ്ണിനെയാ എനിക്കിഷ്ടം.” ഞാൻ പറഞ്ഞു.“അതു കൊള്ളം പിന്നെ നിന്റെ ജീവിതം കുത്തുപാളയെടുക്കാൻ വല്യതാമസമുണ്ടാവില്ല.എടാ അടിച്ചുപൊളിയായി നടക്കുന്ന ഒരു പെണ്ണിനെ കല്യാനം കഴിക്കുന്നതു വൻ മണ്ടത്തരമാണു, ഒരു നാടൻ പെൺകുട്ടിയെ നിനക്കിഷ്ടമുള്ള വിധത്തിൽ മാറ്റിയെടുക്കാൻ പറ്റും, പക്ഷേ തിരിച്ചു നടക്കില്ല മോനെ“ .ക്രഷ്ണൻ പറഞ്ഞു നിർത്തി.പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും എനിക്കു മനസ്സിലാകുന്നില്ല.എന്റെ കൺഫ്യൂഷൻ കൂടി എന്നല്ലാതെ വേറെ പ്രയോജനമൊന്നും ഈ ചർച്ച‌കൾ കൊണ്ടുണ്ടായില്ല.

അതിനിടയിൽ ഞാൻ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഒരു സത്യം മനസ്സിലായി. എന്റെ ഓഫീസിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയെപ്പോലും വിവാഹം ചെയ്യാമെന്നു സ്വപ്നം കാണുകയേ വേണ്ട.അവരെല്ലാം ഒന്നുകിൽ കല്യാണം കഴിഞ്ഞവരാണു അല്ലെങ്കിൽ എൻ‌ഗേജിഡാണ്. എന്റെ മാനേജരുടെ വാക്കുകളിൽ പറഞ്ഞാൽ ,പെണ്ണുങ്ങൾ കൊച്ചിയിലേക്കു ട്രാൻസ്ഫർ വാങ്ങി വരുന്നതു പ്രസവിക്കാനോ അല്ലെങ്കിൽ അതിനുള്ള തയ്യാറെടുപ്പു(കല്യാണം) നടത്തുന്നതിനു വേണ്ടി മാത്രമാണ്.

എന്റെ ഈ ആവലാതികളും ,ചിന്തകളും കണ്ട് എന്റെ കൂട്ടുകാർ ചോദിക്കാറുണ്ട്,“ഈ ലോകത്ത് ആദ്യമായി കല്യാണം കഴിക്കാൻ പോകുന്ന ആളാണോ നീ?” അല്ല എന്നാണു ഉത്തരമെങ്കിലും, ലോകത്ത് ഒത്തിരി കല്യാണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഞാൻ ആദ്യമായാണല്ലോ വിവാഹം ചെയ്യാൻ പോകുന്നതു.ഇതു ഷോയ്ബ് മാലിക്ക് പറഞ്ഞതു പോലെയല്ല കേട്ടോ.

അവസാനം അമ്മയെക്കൊണ്ട് വരെ ഞാൻ അതു പറയിപ്പിച്ചു.“പത്തുകൊല്ലം സ്കൂളിൽ പഠിച്ചു,അഞ്ചെട്ടു കൊല്ലം കോളേജിലും പഠിച്ചു, പിന്നെ രണ്ടു കൊല്ലം ജോലിയും ചെയ്തു എന്നിട്ടൊന്നും ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ പറ്റിയില്ല , അന്നിട്ടു, ഇപ്പോൾ കിടന്നു പെണ്ണൂകെട്ടെണേന്നു പറഞ്ഞു കയറുപൊട്ടിച്ചാൽ ഞാൻ ഉലക്കക്കടിക്കും”. അമ്മയ്ക്കറിയാമോ പെണ്ണിനെ കണ്ടുപിടിക്കത്തതു കൊണ്ടൊന്നുമല്ലെന്ന് , നമ്മൾ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടതുകൊണ്ടുമാത്രം വല്ല കാര്യവുമുണ്ടോ, ആ വിവരം മിനിമം ആ പെണ്ണെങ്കിലും അറിഞ്ഞിരിക്കണമല്ലോ?. വിവാഹത്തെക്കുറിച്ചുള്ള എന്റെ ആവലാതികൾ ഇവിടെ തീരുന്നില്ല