Sunday, April 4, 2010

എന്റെ വിവാഹപൂർവ്വ ജീവിതം (My Premarital Life)

ഈ തലക്കെട്ട് കണ്ടു എന്റെ കൂടുകാർ പലരും നെറ്റിചുളിച്ചേക്കാം, കാരണം , എനിക്ക് വിവാഹപൂർവ്വ ബന്ധങ്ങളൊന്നും ഇല്ലായിരുന്നെന്ന് അവർക്കറിയാം.പക്ഷേ വിവാഹപൂർവ്വ ജീവിതമെന്നാൽ വിവാഹത്തിനുമുൻപുള്ള ജീവിതമെന്ന ഒരർത്ഥവും ഉണ്ടല്ലോ?.ശരിക്കും ഒരു frustration ന്റെ ഭാഗമായാണ് ഞാൻ എന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതു. ഏകദേശം 25 വയസ്സായപ്പോഴേക്കും എന്റെ അടുത്ത കൂട്ടുകാരെല്ലം ഒന്നുകിൽ വിവാഹിതരായി അല്ലെങ്കിൽ engaged ആയി. ഓരോ കല്യാണത്തിനു പോകുംമ്പോഴും ആളുകൾ ചോദിച്ചു തുടങ്ങി,“ശ്രീജിത്തേ കല്യാണമൊന്നും ആയില്ലേ?“ ദൈവം സഹായിച്ചു എനിക്കൊരനിയത്തി ഉള്ളതിനാൽ പഴി മുഴുവൻ അവളുടെ തലയിൽ ചാരി തടിയൂരി.

പക്ഷേ എന്റെ മനസ്സിനെ ത്രിപ്ത്തിപ്പെടുത്താൻ അതു പോരായിരുന്നു. അങ്ങനെ ഞാനും പെണ്ണന്വേഷണം തുടങ്ങി. ബാംഗ്ലൂരിൽ ആയിരുന്ന സമയത്ത് എന്റെ ഈ ശ്രമങ്ങളൊക്കെ , എന്റെ കൂട്ടൂകാർ തമാശയായിട്ടേ എടുത്തിരുന്നുള്ളു(കാരണമെന്തെന്ന് എനിക്ക് ഇന്നും അറിയില്ല).പിന്നെ ഈ ഫീൽഡിൽ (proposing)എന്റെ സ്കിൽ ലെവൽ ബേസിക്കിലും ബിലോ ആയിരുന്നതു കൊണ്ട് പല ഇഷ്ടങ്ങളും എന്റെ മനസ്സിൽ തന്നെ ഒതുങ്ങി(എന്റെ ഒപ്പം ഉണ്ടായിരുന്ന പല പെൺകുട്ടികളും പറയുന്നത് ആദ്യമൊക്കെ ഞാൻ ഭയങ്കര ജാഡ ആയിരുന്നെന്നാണ് , അതു എന്റെ ചമ്മൽ കാരണമാണെന്ന് പിന്നിട് അവർ തന്നെ പറഞ്ഞിട്ടുണ്ട്).

എന്തായാലും കൊച്ചിയിലെത്തിയപ്പോൾ കാര്യങ്ങളൊക്കെ മാറി. കൂട്ടുകൂടാനായി കമ്പനി കിട്ടിയവരെല്ലാം ഒന്നും രണ്ടും പിള്ളേരുടെ തന്തമാർ , അതുകൊണ്ടുതന്നെ വിവാഹത്തോടുള്ള കാഴ്ച്ചപ്പാടു തന്നെ മാറി. കല്യാണം കഴിക്കാൻ പേടിയായി!.കൊച്ചിയിലെത്തിയപ്പോൾ ഞാൻ ആദ്യം പരിചയപ്പെട്ടത് ക്രഷ്ണകുമാറിനേയും,കാൽ‌വിനേയും ആണ്.വൈകിട്ടത്തെ ചായകുടിക്കിടയിൽ , എന്റെ പ്രിയപ്പെട്ട വിഷയം വിവാഹമായതിനാൽ, സ്വാഭവികമായും ചർച്ചകൾ അതിൽ ചെന്നെത്തി. “ഞാൻ കെകെയോട് ചോദിച്ചു.വിവാഹത്തെക്കുറിച്ച് നിന്റെ അഭിപ്രായമെന്താ?”. “അതിനു രണ്ടു വശങ്ങളുണ്ടെടാ”. “നല്ലതും, ചീത്തയും അല്ലെ?, അതെനിക്കറിയാം.”“പോടാ, സുന്ദരമായ സ്വപ്നങ്ങളുടെ ഒരു വശവും, പച്ച പരമാർത്ഥങ്ങളുടെ വേറൊരു വശവും. കൊല്ലങ്ങളോളം പ്രണയിച്ചിട്ടണു കല്യാണം കഴിക്കുന്നതെൻ‌ങ്കിലും, കല്യാണപ്പിറ്റേന്നുമുതൽ അവൾ ഒരു പുതിയ ആൾ ആയിരിക്കും. നിന്റെ മേൽ അധികാരങ്ങളുള്ള, നിന്റെമേൽ ആധിപത്യം നേടാൻ ശ്രമിക്കുന്ന ഒരു പുതിയ വ്യക്തി. എന്നാൽ,നമ്മൾ പറയുന്നതുകേട്ടു ജീവിക്കുന്ന ഒരു പെണ്ണിനെയാണ് എനിക്കിഷ്ടം. എന്റെ ജീവിതത്തിൽ അതിനു മാറ്റമൊന്നും സംഭവിച്ചിട്ടുമില്ല, പിന്നെ കല്യാണത്തിനുശേഷം കുറച്ചു അടുക്കും ചിട്ടയുമൊക്കെ വന്നു, അത്രതന്നെ.” നിനക്കു, ഭാര്യയുടെമേൽ അത്ര അധികാരമുണ്ടെങ്കിൽ പിന്നെ, ഉച്ചക്കു പുറത്തുപോയി കഴിക്കാൻ വിളിക്കുമ്പോൾ

വീട്ടിലേക്കോടുന്നതെന്തിനാണെന്നു ഞാൻ ചോദിച്ചില്ല.

“എന്റെ കൂടെ എല്ലാ അലമ്പിനും കൂട്ടുനിൽക്കുന്ന പെണ്ണിനെയാ എനിക്കിഷ്ടം.” ഞാൻ പറഞ്ഞു.“അതു കൊള്ളം പിന്നെ നിന്റെ ജീവിതം കുത്തുപാളയെടുക്കാൻ വല്യതാമസമുണ്ടാവില്ല.എടാ അടിച്ചുപൊളിയായി നടക്കുന്ന ഒരു പെണ്ണിനെ കല്യാനം കഴിക്കുന്നതു വൻ മണ്ടത്തരമാണു, ഒരു നാടൻ പെൺകുട്ടിയെ നിനക്കിഷ്ടമുള്ള വിധത്തിൽ മാറ്റിയെടുക്കാൻ പറ്റും, പക്ഷേ തിരിച്ചു നടക്കില്ല മോനെ“ .ക്രഷ്ണൻ പറഞ്ഞു നിർത്തി.പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും എനിക്കു മനസ്സിലാകുന്നില്ല.എന്റെ കൺഫ്യൂഷൻ കൂടി എന്നല്ലാതെ വേറെ പ്രയോജനമൊന്നും ഈ ചർച്ച‌കൾ കൊണ്ടുണ്ടായില്ല.

അതിനിടയിൽ ഞാൻ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഒരു സത്യം മനസ്സിലായി. എന്റെ ഓഫീസിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയെപ്പോലും വിവാഹം ചെയ്യാമെന്നു സ്വപ്നം കാണുകയേ വേണ്ട.അവരെല്ലാം ഒന്നുകിൽ കല്യാണം കഴിഞ്ഞവരാണു അല്ലെങ്കിൽ എൻ‌ഗേജിഡാണ്. എന്റെ മാനേജരുടെ വാക്കുകളിൽ പറഞ്ഞാൽ ,പെണ്ണുങ്ങൾ കൊച്ചിയിലേക്കു ട്രാൻസ്ഫർ വാങ്ങി വരുന്നതു പ്രസവിക്കാനോ അല്ലെങ്കിൽ അതിനുള്ള തയ്യാറെടുപ്പു(കല്യാണം) നടത്തുന്നതിനു വേണ്ടി മാത്രമാണ്.

എന്റെ ഈ ആവലാതികളും ,ചിന്തകളും കണ്ട് എന്റെ കൂട്ടുകാർ ചോദിക്കാറുണ്ട്,“ഈ ലോകത്ത് ആദ്യമായി കല്യാണം കഴിക്കാൻ പോകുന്ന ആളാണോ നീ?” അല്ല എന്നാണു ഉത്തരമെങ്കിലും, ലോകത്ത് ഒത്തിരി കല്യാണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഞാൻ ആദ്യമായാണല്ലോ വിവാഹം ചെയ്യാൻ പോകുന്നതു.ഇതു ഷോയ്ബ് മാലിക്ക് പറഞ്ഞതു പോലെയല്ല കേട്ടോ.

അവസാനം അമ്മയെക്കൊണ്ട് വരെ ഞാൻ അതു പറയിപ്പിച്ചു.“പത്തുകൊല്ലം സ്കൂളിൽ പഠിച്ചു,അഞ്ചെട്ടു കൊല്ലം കോളേജിലും പഠിച്ചു, പിന്നെ രണ്ടു കൊല്ലം ജോലിയും ചെയ്തു എന്നിട്ടൊന്നും ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ പറ്റിയില്ല , അന്നിട്ടു, ഇപ്പോൾ കിടന്നു പെണ്ണൂകെട്ടെണേന്നു പറഞ്ഞു കയറുപൊട്ടിച്ചാൽ ഞാൻ ഉലക്കക്കടിക്കും”. അമ്മയ്ക്കറിയാമോ പെണ്ണിനെ കണ്ടുപിടിക്കത്തതു കൊണ്ടൊന്നുമല്ലെന്ന് , നമ്മൾ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടതുകൊണ്ടുമാത്രം വല്ല കാര്യവുമുണ്ടോ, ആ വിവരം മിനിമം ആ പെണ്ണെങ്കിലും അറിഞ്ഞിരിക്കണമല്ലോ?. വിവാഹത്തെക്കുറിച്ചുള്ള എന്റെ ആവലാതികൾ ഇവിടെ തീരുന്നില്ല


Monday, April 14, 2008

കുതിര മുഖത്തേക്ക് ഒരു യാത്ര

1.കൂട്ടിക്കിഴിക്കലുകള്‍ വെട്ടിത്തിരുത്തലുകള്‍

ആരുടെ തലയിലാണീ ഐഡിയ ഉദിച്ചതെന്നറിയില്ല, പക്ഷേ സംഭവം എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടു "ഒരു ട്രിപ്പ്". കഴിഞ്ഞമാസം സാവന്‍ ദുര്‍ഗയില്‍ മല കയറിയതില്‍ പിന്നെ ട്രിപ്പൊന്നും പോയിട്ടില്ല. തിന്നണത് എല്ലിന്റെ ഇടയില്‍ കേറിയിട്ടാണോ എന്നറിയത്തില്ല, വീണ്ടും മല കയറിയാലോ എന്ന ആലോചന എല്ലാവരുടേയും തലക്കുപിടിച്ചത്. അങ്ങനെ അന്നുമുതല്‍ ഓഫീസില്‍ നിന്നും വീട്ടില്‍ വന്നാല്‍ എല്ലാവരും കൂടി ചര്‍ച്ച ട്രിപ്പിനെപ്പറ്റിയായി.

ചില ശാരീരിക പ്രശ്നങ്ങളാല്‍(പുറത്തു പറയാന്‍ വയ്യ) അന്തോണിച്ചന്‍ ആദ്യം തന്നെ പിന്‍മാറി. ആദ്യ ദിവസത്തെ ചര്‍ച്ചാമഹാമഹം അവസാനിച്ചപ്പോള്‍ ഏപ്രില്‍ നാലിനു വൈകിട്ടു ട്രയിനിങ് കഴിഞ്ഞ് ജെയ്സ് എപ്പോള്‍ വരുന്നോ, അപ്പോള്‍ പുറപ്പെടാമെന്നുള്ള ധാരണയായി. അങ്ങനെ അന്നുമുതല്‍ ഓഫീസില്‍ പോയി ചെയ്യാന്‍ ഒരു പണിയായി. ബാഗ്ലൂരിനു ചുറ്റുമുള്ള മുഴുവന്‍ ട്രക്കിങ് സ്പോട്ടും അരിച്ചു പെറുക്കാന്‍ തുടങ്ങി,അങ്ങനെയാണ് കുടജാദ്രിയിലേക്ക് ഒരു തീര്‍ത്ഥയാത്ര ആയാലോ എന്ന ആശയം സുമേഷ് മുന്നോട്ടു വച്ചത്. സ്ഥലം കുടജാദ്രിയായതു കൊണ്ടും അവിടെ ഞാന്‍ പല പ്രാവിശ്യം പോയിട്ടുണ്ടെന്ന് അവകാശപ്പെട്ടതു കൊണ്ടും പ്ലാനിങ് എന്റെ തലയിലായി.

അടുത്തദിവസം ഓഫീസിലെത്തി ഗൂഗിളും വിക്കിമാപ്പിയയുമൊക്കെ അരിച്ചു പെറുക്കി ബാഗ്ലൂരില്‍ നിന്നും കുടജാദ്രിയിലേക്കുള്ള വഴിയും കണ്ടുപിടിച്ചു. പക്ഷേ കണക്കുകൂട്ടിനോക്കിയപ്പോള്‍ രണ്ടു ദിവസം കൊണ്ട് "തീര്‍ത്ഥയാത്ര" തീരും. തിങ്കളാഴ്ച അവധിയായതുകൊണ്ട് തീര്‍ത്ഥയാത്രയെ വലിച്ചുനീട്ടി ഒരു പിക്നിക് കം തീര്‍ത്ഥയാത്ര ആക്കിയാലോ എന്ന് അപ്പോഴാണ് ജിഫി ചോദിച്ചത്. അതായത് ആദ്യ പകുതി ഭക്തിനിര്‍ഭരമായ തീര്‍ത്ഥയാത്രയും രണ്ടാം പകുതി ആനന്ദനിര്‍ഭരമായ പിക്നികും.

അങ്ങനെയാണ് ഞങ്ങളുടെ ലിസ്റ്റില്‍ കുദ്രേമുഖും (Kudremukh) വന്നുപെട്ടത്. കുദ്രേമുഖ് എന്നു പറഞ്ഞാല്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കുതിരയുടെ മുഖം എന്നാണ് അര്‍ത്ഥം. അതായത് അവിടുത്തെ ഏറ്റവും ഉയര‍മുള്ള മലയ്ക്ക് കുതിരയുടെ മുഖമാണത്രേ(ആവോ ആര്‍ക്കറിയാം). അങ്ങനെ കുതിര മുഖത്തേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഞങ്ങള്‍ ഏഴുപേരാണ് (ജിഫി,സുമേഷ്,അനൂപ്,മൊട്ട,അനിലാല്‍,ജെയ്സ്, പിന്നെ ഞാനും)പോകാനായി തീരുമാനിച്ചത്. എന്നാല്‍ സമ്മതം കിട്ടാത്തതുകൊണ്ട്(ആരില്‍ നിന്നെന്ന് നിങ്ങള്‍ ഊഹിച്ചോളു)ജെയ്സും,ഞങ്ങള്‍ക്ക് അവ്യക്തമായ കാരണങ്ങളാല്‍ അനിലാലും അവസാനനിമിഷം ട്രിപ്പില്‍ നിന്നും പിന്മാറി. പിന്നെ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രമായി ബാക്കി.

പോകുന്നത് കാട്ടിലേക്കായതു കൊണ്ടും, അവിടെ മനുഷ്യവാസം കുറവായതു കൊണ്ടും ശക്തമായ ഒരുക്കങ്ങളാണ് ഞങ്ങള്‍‍ നടത്തിയത്. ഞങ്ങള്‍ക്കു മുന്‍പ് ,ഭക്ഷണം കഴിച്ചിട്ട് എല്ലിന്റെ ഇടയില്‍ കയറിയവന്മാരുടെ അനുഭവങ്ങള്‍ വായിച്ചും,ഉപദേശങ്ങള്‍ സ്വീകരിച്ചും,കിട്ടാവുന്ന റൂട്ട് മാപ്പുകള്‍ സംഘടിപ്പിച്ചും വെള്ളിയാഴ്ചയ്ക്കായി ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ കുദ്രേമുഖിന്റ് മാപ്പ് നോക്കിയപ്പോഴാണ് ആ സത്യം ഞങ്ങള്‍ക്ക് മനസ്സിലായത്, അവിടെ ട്രക്കിങിനായി 14 റൂട്ടുകള്‍ ഉണ്ട്. അവസാനം റൂട്ട് 4 ആണ് ഞങ്ങള്‍ക്ക് പറ്റിയതെന്ന് മനസ്സിലാക്കി(കാരണം, രണ്ടു സൈഡുമായി 33 കി.മി. ട്രക്കിങ് ഉണ്ട്. ഈ ഒരു ട്രിപ്പ് കൊണ്ട് ഒരുമാതിരി "പ്രശ്നങ്ങളൊക്കെത്തീരും". പിന്നെ ട്രിപ്പ്,ട്രിപ്പ് എന്നും പറഞ്ഞ് ഒരുത്തനും അലറിവിളിക്കത്തില്ലല്ലോ!)

ഇട്ടോണ്ടു പോകാനുള്ള ഡ്രസ്സൊക്കെ വെള്ളിയാഴ്ച രാവിലെതന്നെ അലക്കിയിട്ടു(കൃത്യമായി അലക്കാറുള്ളതുകൊണ്ട് വളരെ കുറ‍ച്ചേ അലക്കാന്‍ ഉണ്ടായിരുന്നുള്ളൂ!). കൊണ്ടു പോകാനുള്ള സാധനങ്ങളൊക്കെ ഉച്ചയ്ക്ക് വന്ന് വാങ്ങാമെന്ന് പറഞ്ഞ് എല്ലാവരും ഓഫീസില്‍ പോയി.

ഞങ്ങള്‍ ട്രിപ്പ് പോകുന്നതില്‍ ആര്‍ക്കൊക്കെയോ ദഹിക്കാത്തതുപോലെ ,ഉച്ചയ്ക്ക് ഒരു രണ്ടു മണിയോടു കൂടി, ആദ്യം ചന്നം പിന്നവും പിന്നെ വേറെ എങ്ങനെയൊക്കെയൊ മഴ പെയ്തു തുടങ്ങി. അവസാനം ഒരു 3 മണിയോടുകൂടി സൂര്യന്‍ തലപൊക്കിയ ആ ഗ്യാപ്പില്‍ ഞാനും അനൂപും ഓഫീസില്‍ നിന്ന് വണ്ടിയുമായി ഇറങ്ങി. അലക്കിയത് ഇഷ്ടപ്പെടഞ്ഞിട്ടാണോ അതോ അലക്കിയത് ശരിയാകാത്തതു കൊണ്ടണോ(പരിചയം കുറവാണേ...) ഏന്നറിയത്തില്ല, ഉണക്കാനിട്ടിരുന്ന തുണികള്‍ മുഴുവന്‍ മഴയത്ത് ഒന്നുകൂടി കഴുകിയിട്ടിരിക്കുന്നു. പിന്നെ ഒന്നും ആലോചിക്കാന്‍ ഉണ്ടായിരന്നില്ല ,സാധാരണപോലെ അലക്കിയിട്ടു മാസങ്ങളായ ഡ്രസ്സുകളെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്നു. പിന്നെ ഒരു കാര്യം ജീന്‍സ് മേടിച്ചാല്‍ പിന്നെ അലക്കരുത്,അലക്കിയാല്‍ കളറുപോകും

അട്ട കടി അലര്‍ജി ആയതിനാല്‍ ,അട്ടക്കെതിരെ പ്രയോഗിക്കാന്‍ കുറച്ചു പുകയില കൂടി വേണ്ടിയിരുന്നു. പക്ഷേ ബംഗ്ലൂരില്‍ എവിടെയാണു പുകയില. പിന്നെ അവസാനം മലായാളി യുവാക്കളുടെ പഴയ ബ്രാന്‍ഡഡ് സാധനമായ ഹാന്‍സ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നു. അങ്ങനെ ഒരു 6.30 യോടു കൂടി രാജു ചേട്ടന്റെ കടയില്‍ നിന്ന് ഒരു ചായയും കുടിച്ച് ,ഏകദേശം 425 കി.മി. കള്‍ക്കു അപ്പുറമുള്ള കുടജാദ്രിയിലേക്ക് ഞങ്ങളുടെ ബൈക്കുകള്‍ ഇരമ്പിപ്പാഞ്ഞു.

രാത്രിയില്‍ ഷിമോഗയില്‍ തങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഞാന്‍ ജിഫിയുടെ ബൈക്കിന്റെ പിന്നിലായിരുന്നു കയറിയത്. നൈസ് റോഡിലൂടെ 125-130 km/hr പോയെങ്കിലും ,അതു കഴിഞ്ഞ് തുംകൂര്‍ വരെ നല്ല ട്രാഹിക്കായിരുന്നു. അവിടുന്ന് നേരെ NH 206 ല്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്കാശ്വാസമായി "NH ആയല്ലോ". എന്നാല്‍ പഞ്ചാരയിടാത്ത കട്ടന്‍ ചായ കുടിച്ചിറക്കുന്നതുപോലെ ഞങ്ങള്‍ക്ക് ആ സത്യത്തെ ഉള്‍ക്കൊള്ളേണ്ടി വന്നു , റോഡിന് ആകെ കഷ്ടിച്ച് നാലു മീറ്റര്‍ വീതിയേയുള്ളു. ആ റോഡിനെ NH ആക്കിയവന്മാരെ അപ്പോഴെങ്ങാന്‍ കണ്ടിരുന്നെങ്കില്‍ ഇതിനു കുറച്ചു കൂടി വീതി കൂട്ടി ഉണ്ടാക്കാന്‍ പാടില്ലായിരുന്നോ എന്ന് ചോദിക്കാമായിരുന്നു. ഈ റോഡിലൂടെ എങ്ങനെയാണ് 300 കി.മി. അപ്പുറമുള്ള ഷിമോഗയില്‍ എത്തുക. പിന്നെ ,എവിടെവച്ച് ഉറക്കം വരുന്നോ അവിടെ തങ്ങാമെന്ന പ്ലാനില്‍ വണ്ടി വിട്ടു.
ഇടയ്ക്ക് എവിടെയോ ഒരു കാട്ടുമുക്കില്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തി. അവിടെ ആകെ റൊട്ടി മാത്രമേയുള്ളു,റൊട്ടിയെങ്കില്‍ റൊട്ടിയെന്നും പറഞ്ഞ് കാത്തിരുപ്പു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ റൊട്ടിയെത്തി.
"അയ്യേ ഇതെന്താ പൊറോട്ടയ്ക്കും ,ചപ്പാത്തിക്കും കൂടി ഉണ്ടായ ആദ്യ സന്താനമാണോ ഈ റൊട്ടി എന്നു പറയുന്നത്" ഞങ്ങള്‍ അറിയാതെ ചോദിച്ചു പോയി.

ഭക്ഷണം കഴിഞ്ഞ് ,വണ്ടിയൊക്കെ നോക്കിയപ്പോള്‍ സുമേഷിന്റെ 220 യ്ക്ക് ഒരു കുഴപ്പം, ബായ്ക്ക് വീല്‍ നല്ല ടൈറ്റ്, ഒരു നൂറിന് അപ്പുറത്തേക്ക് വണ്ടി കയറുന്നേയില്ല. സമയം ഏകദേശം പത്തുമണി കഴിഞ്ഞതിനാലും, സ്ഥലം അത്ര പന്തിയല്ലാത്തതിനാലും തല്‍ക്കാലം അങ്ങനെയങ്ങു പോയി ,നാളെ ഷിമോഗയില്‍ പോയി നന്നാക്കാമെന്ന് തീരുമാനിച്ച് വണ്ടി വിട്ടു.

മൊട്ട ഏറ്റവും മുന്നിലും , ഞാനും ജിഫിയും നടുക്കും, പിറകില്‍ സുമേഷും അനൂപും അങ്ങനെയാണ് ഞങ്ങളുടെ വണ്ടികള്‍ പൊയ്ക്കൊണ്ടിരുന്നത്. പെട്ടെന്ന് ഒരു വളവില്‍ വച്ച് മൊട്ടയെ കാണുന്നില്ല. വളവ് കാണാതെ മൊട്ട നേരെയങ്ങു പോയി റോഡിന്റെ സൈഡിലുള്ള പാടത്ത് ഞങ്ങള്‍ക്കായി വെയിറ്റ് ചെയ്യുകയായിരുന്നു

"പാടത്തുനിന്ന് വണ്ടി തള്ളി കേറ്റണ്ടേ".

ഭാഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടാകാതിരുന്നതുകുണ്ടും, ഭാവിയില്‍ കുഴപ്പമൊന്നും ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയും അടുത്തുള്ള ടിപ്ടൂര്‍ എന്ന സ്ഥലത്ത് അവര്‍ പറഞ്ഞ വാടകയ്ക്ക്, അവര്‍ പറഞ്ഞ റൂമില്‍ കിടന്നുറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

(ഇതു വരെയുള്ള യാത്ര രാത്രിയില്‍ ആയതുകൊണ്ട് പടങ്ങളൊന്നും പിടിച്ചില്ല.അടുത്ത ദിവസം ആകട്ടെ ശരിയാക്കിത്തരാം)

Sunday, January 27, 2008

പേരു മാറ്റി

പഴയ പേര് ഉപദേശി എന്നായിരുന്നു. ഉപദേശങള്‍ ഫലിക്കാത്തതുകൊണ്ട് ഞാന്‍ പേരു മാറ്റുന്നു. “സുഹൃത്ത് എന്നാകുമ്പോള്‍ എന്തും സുഹൃത്തുക്കളോട് പറയാമല്ലോ,അല്ലേ?

Saturday, October 27, 2007

ആത്മസംഘര്‍ഷങ്ങളിലൂടെ

ഇനി പരീക്ഷയുടെ കാത്തിരിപ്പാണ്,അതായത് സ്റ്റഡിലീവ്.ഇത്രയും നാള്‍ പരീക്ഷകളെ വളരെ ലാഘവത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്, പക്ഷേ ഇപ്പോള്‍ എന്തോ ഉള്ളിന്റെയുള്ളില്‍ ഒരു പേടി.വരുന്ന പരീക്ഷയില്‍ തോറ്റാല്‍ ക്യമ്പസ് ഇന്റര്‍വ്യൂവിലൂടെ എനിക്ക് കിട്ടിയ ജോലി നഷ്ടപ്പെടും.

“ഹോ ! അതോര്‍ക്കാന്‍ കൂടി വയ്യ”

ഒത്തിരി കമ്പനികളുടെ ടെസ്റ്റും ഇന്റര്‍വ്യൂമൊക്കെ അറ്റന്‍ഡ് ചെയ്ത് അവസാനം ഞാന്‍ എന്റെ ഏഴാമത്തെ ശ്രമത്തിലാണ് വിജയിച്ചത്.ഒരു പക്ഷേ അതും പരാജയപ്പെട്ടിരുന്നെങ്കില്‍
എനിക്ക് ചിലപ്പോള്‍ അത് താങ്ങാന്‍ സാധിച്ചേക്കുമായിരുന്നില്ല.(അത് വെറും തോന്നലാണെന്നാണ് എന്റെ വിശ്വാസം
, എനിക്കതു കിട്ടിയില്ലായിരുന്നെങ്കില്‍ ഹോ....,
ഇല്ല , കിട്ടിയില്ലാ‍യിരുന്നെങ്കില്‍ ഒന്നും സംഭവിക്കുകയില്ല,നമ്മള്‍
വീണ്ടും പരിശ്രമിക്കും.അഥവാ എന്തെങ്കിലും
സംഭവിക്കുമായിരുന്നെങ്കില്‍ നമുക്കത് കിട്ടുകതന്നെ
ചെയ്യും.ഈ ശുഭപ്തിവിശ്വസം, തകര്‍ന്നുപോയ പല
സമയത്തും എന്റെ രക്ഷക്കെത്തിയിട്ടുണ്ട്.)

പ്രീഡിഗ്രി കഴിഞ്ഞ് ഞാന്‍ പോളിടെക്നിക്കില്‍
പോയിചേര്‍ന്നു.അവിടെ ചേര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക്
ശേഷമാണ് എനിക്ക് എസ്.എന്‍ കോളേജില്‍ നിന്നും
ഡിഗ്രിക്കുള്ള അഡ്മിഷന്‍ കാര്‍ഡ് വന്നത്.എന്റെ റാങ്ക് 36
ആ‍ണ്.ആകെ 30 സീറ്റുമാത്രമുള്ള ആ കോഴ്സിനുവേണ്ടി
ഞാന്‍ ഒന്നുമാലോചിക്കാതെ പോളിടെക്നിക്കില്‍ നിന്നും
ടി.സി വാങ്ങി എസ്.എന്‍ കോളേജില്‍ ഡിഗ്രിക്കുള്ള
ഇന്റര്‍വ്യൂവിന് പോയി.

അച്ഛനുമായിട്ടാണ് ഞാന്‍ ഇന്റര്‍വ്യൂവിന്
പോയത്.കുറച്ചുനേരം ഞാന്‍ അകത്തുള്ള മുറിയില്‍
കയറിയിരുന്നെങ്കിലും,എനിക്ക് അവിടെ അങ്ങനെ ഇരിക്കാന്‍
പറ്റുമായിരിന്നില്ല.ഞാന്‍ എഴുന്നേറ്റ് പുറത്തേക് നടന്നു.തുടരെ
തുടരെ ദീര്‍ഘനിശ്വാസങ്ങളുമായുള്ള എന്റെ നടപ്പുകണ്ട്
അച്ഛന് ആകെ പരിഭ്രമമായി.

“എന്താ എന്തുപറ്റി?”

“ഒന്നുമില്ല ,ഒരു ചെറിയ വേദന”

“എവിടെയാ വേദന?”

“ഇവിടെ”ഞാന്‍ നെഞ്ചില്‍ കൈ തൊട്ടുകൊണ്ട് പറഞ്ഞു.

ഇതുകേട്ട അച്ഛന്റെ മുഖമാകെ വിളറിവെളുത്തു.കുറച്ച് കലുഷിതമായ സ്വരത്തില്‍ എന്നോടു പറഞ്ഞു.

“നിനക്ക് ഇവിടെ അഡ്മിഷന്‍ കിട്ടും ,അതോര്‍ത്ത് വെറുതെ ടെന്‍ഷന്‍ ..ആകല്ലേ.”
അച്ഛന്റെ ശബ്ദം പതറിയിരുന്നു.അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ ടെന്‍ഷന്‍
ഇരട്ടിക്കുകയാണുണ്ടായത്.

കാരണം,“ഇവിടെ കിട്ടിയില്ലങ്കില്‍
വേറെ വഴി കാണാം” എന്നായിരുന്നു മറുപടിയെങ്കില്‍
എനിക്കു കുറച്ചാശ്വാസമാകുമയിരുന്നു

.“പക്ഷേ ഇവിടെ കിട്ടിയില്ലങ്കില്‍....,ഞാന്‍
വേറെയൊരിടത്തും ആപ്ലിക്കേഷന്‍ കൊടുത്തിട്ടുമില്ല, എന്റെ ഒരു കൊല്ലം നഷ്ടപ്പെടും”വീണ്ടും എന്റെ ടെന്‍ഷന്‍ വര്‍ദ്ധിച്ചു.

പെട്ടെന്ന് എന്റെ മനസ്സിലാകെ കുളിര്‍മഴ പെയ്യിച്ചുകൊണ്ട്
അറ്റന്‍ഡര്‍ എന്റെ പേര് വിളിച്ചു.ഹോ !,ഞാന്‍ ശരിക്കും തളര്‍ന്നുപോയിരുന്നു.അന്ന് ആ
നിമിഷങ്ങളില്‍ അനുഭവിച്ച സംഘര്‍ഷം അത്രയ്ക്കു
വലുതായിരുന്നു,പക്ഷേ ഇന്നതോര്‍ക്കുമ്പോള്‍ എനിക്ക് ചിരി
വരും,അന്ന് ആ അഡ്മിഷന്‍ കിട്ടീയില്ലായിരുന്നെങ്കില്‍ എന്തു
സംഭവിക്കുമായിരുന്നു?.പിന്നീട് ഓരോ കമ്പനികളുടേയും ടെസ്റ്റുകളിലും
ഇന്റര്‍വ്യൂകളിലും പങ്കെടുത്തപ്പോഴൊക്കെ ഞാനോര്‍ത്തു,ഇത്
കിട്ടിയില്ലെങ്കില്‍ എനിക്ക് വേറെ വഴികളില്ലെന്ന്..എന്നാല്‍ ഒന്നും സംഭവിച്ചില്ല,ഞാന്‍ കൂടുതല്‍,കൂടുതല്‍
നന്നായി തയ്യാറെടുത്ത് അടുത്ത കമ്പനികള്‍ക്കായി
കാത്തിരുന്നു.

പരീക്ഷയ്ക്ക് പഠിക്കാനായി പുസ്തകവുമായിരുന്ന ഞാന്‍
എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടീയത്.എനിക്കു തോന്നുന്നത്
എല്ലാവരും ഇങ്ങനെയാണെന്നാണ്.പഠിക്കുവാനായി
പുസ്തകം തുറക്കുമ്പോള്‍ തന്നെക്കുറുച്ചും,തന്റെ
രീതികളെക്കുറിച്ചുമുള്ള ഈ ചിന്ത എനിക്കു മാത്രമേയുള്ളോ
? ആ ആര്‍ക്കറിയാം.

എനിക്കു തോന്നുന്നത്
പഠിക്കനിരിക്കുന്ന സമയത്തയിരിക്കാം ഒരാള്‍ക്ക്
തന്നെക്കുറിച്ചാലോചിക്കാന്‍ സമയം കിട്ടുക.

“ഇനിയെന്തായാലും ആഹാരം കഴിച്ചിട്ടാകാം പഠനം”ഞാന്‍ മെസ്സിലേക്ക് പോകാന്‍ കൂട്ടുകാരെ വിളിക്കുവാനായി
അടുത്ത മുറികളിലേക്ക് പോയി.

ആഹാരം കഴിച്ചു കഴിഞ്ഞ് കൂട്ടുകാരൊടൊപ്പം കുറച്ചു സൊറ
പറഞ്ഞിട്ട് ഞാന്‍ എന്റെ മുറിയിലേക്കു പോയി.
“ഇന്ന് പഠിക്കാനായി ടൈംടേബിള്‍ ഉണ്ടാക്കം,നാളെ മുതല്‍
പഠിച്ചുതുടങ്ങാം“ഞാന്‍ മനസ്സിലോര്‍ത്തു.


പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോള്‍ എനിക്ക് ശരിക്കും
ടെന്‍ഷനാണ് ,ഈ ടെന്‍ഷന്‍ മൂലം ഞാന്‍ ഒരു ഭാഗം പോലും
വിടാതെ മുഴുവനും പഠിക്കും.പഠിച്ചു കഴിഞ്ഞാലോ അത്
മറന്നു പോകുമോ എന്നുള്ള പേടിയാണ്,അങ്ങനെ
പഠിച്ചതൊക്കെ വീണ്ടും ,വീണ്ടും പഠിക്കും.പിന്നെ
പരീക്ഷാഹാളില്‍ കയറിക്കഴിഞ്ഞാല്‍ ചോദ്യത്തിന്റെ മാര്‍ക്കും
എഴുതുവാനുള്ള സമയവും നോക്കാതെ പഠിച്ചതൊക്കെയും
എഴുതിവയ്ക്കും.അതുകൊണ്ട് പല പരീക്ഷയും കഷ്ടി
സമയത്താണ് ഞാന്‍ എഴുതിത്തീര്‍ക്കുന്നത്.പക്ഷേ ഈ
ടെന്‍ഷനൊന്നും ഞാന്‍ എന്റെ കൂട്ടുകാരുടെ മുന്നില്‍
കാണിക്കാറില്ല.

അങ്ങനെ പരീക്ഷയായി.പരീക്ഷയടുക്കുമ്പോള്‍ അമ്പലങ്ങളിലും
പള്ളികളിലും പോകുന്നവരെ കളിയാക്കുമെങ്കിലും ആരും
കാണാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ നേരുന്ന
നേര്‍ച്ചകള്‍ക്കൊന്നും കണക്കില്ല.രാവിലെ 9.30നാണ് പരീക്ഷയെങ്കില്‍ 9.10 നേ ഞാന്‍
മുറിയില്‍ നിന്നും പുറത്തിറങ്ങൂ.അതുവരെ പഠിക്കും.എന്നിട്ട്
വളരെ കൂളായി കൈയ്യും വീശി പരീക്ഷാഹാളിലേക്ക്
നടക്കും,ഉള്ളിന്റെയുള്ളില്‍ തീയാണെങ്കിലും അതൊന്നും
പുറത്തുകാണിക്കാതെ.

“മഹേഷേ എല്ലാം പഠിച്ചു കഴിഞ്ഞോടാ? “അരുണ്‍
ചോദിച്ചു.

“പരീക്ഷാദിവസം ഈ ചോദ്യത്തിന് വല്ല
പ്രസക്തിയുമുണ്ടോടാ”

“നിന്നെ സമ്മതിക്കണം എങ്ങനെ ഇങ്ങനെ
കൂളായിട്ടുനടക്കുന്നു?”

അപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിക്കും.
അങ്ങനെ എല്ല ടെന്‍ഷനും അറുതി വരുത്തിക്കൊണ്ട് ആ
പരീക്ഷാക്കാലവും കടന്നുപോയി.

തുടരും

Friday, October 19, 2007

അവനും അവളും

ഒരു കഥ എഴുതാന്‍ ഇത്രയേറെ ബുദ്ധിമുട്ടാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്.കഥാബീജം ഉള്ളിലുണ്ട്,പക്ഷെ എത്രയോ തവണ എഴുതുവാന്‍ തുടങ്ങിയിട്ടും മനസ്സിനിഷ്ട്പ്പെട്ട ഒരു തുടക്കം കിട്ടുന്നേയില്ല"

സമയം പൊയ്ക്കൊണ്ടേയിരിക്കുന്നു,എന്തായാലും ഒരു നിശ്ചിതസമയം കൊണ്ട് ഇതെഴുതിത്തീരാനാവുമെന്നെനിക്കു തോന്നുന്നേയില്ല.ഇത് എത്രാമത്തെ തവണയാണ് പേനയുമായി ഈ മല്‍പ്പിടുത്തമെന്ന് എനിക്കറിയത്തില്ല, എന്തായാലും ഇപ്രാവശ്യം എഴുതിയിട്ടേ പേന താഴെവയ്ക്കുമെന്ന് വാശിയിലാണ് ഞാന്‍.

ഹോസ്റ്റ്ലിലെ ഈ ടെറസ്സില്‍ വൈകുന്നേരത്തെ ഈ ഇളം കാറ്റും കൊണ്ട് ഇങ്ങനെയിരിക്കുവാന്‍ എന്തു രസമാണ് .കാറ്റിനു നേര്‍ത്ത തണുപ്പുണ്ടെന്നുതോന്നുന്നു.സൂര്യന്‍ ആകാശച്ചെരുവിലേക്ക് ചാഞ്ഞുകഴിഞ്ഞു.ഈ ജനുവരിയിലെന്താണീ കാര്‍മേഘങ്ങള്‍,ഇന്നു മഴ പെയ്യുമോ!.ഇനി അധികനേരം ഇവിടെ ഇരിക്കുവാന്‍ പറ്റുമെന്നു തോന്നുന്നില്ല,നേരം ഇരുട്ടിത്തുടങ്ങി.തല്‍ക്കാലം കഥയെഴുതുവാനുള്ള മോഹം ഉള്ളിലിരിക്കട്ടെ.പക്ഷെ ഇതാണവസ്ഥയെങ്കില്‍ ഒന്നു രണ്ട് പേജില്‍ ഈ കഥയും അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

എപ്പോഴും എനിയ്ക്കിങ്ങനെയാണ്, എഴുതണമെന്നുള്ള മോഹം ഉണ്ടെങ്കിലും പരീക്ഷയ്ക്കുവേണ്ടി പഠിക്കാനിരിക്കുമ്പോഴാണ് എഴുത്തും വായനയും കൂടുന്നത്.അടുത്തയാഴ്ച്ച ഇന്റേണല്‍ എക്സാം തുടങ്ങുകയാണ്.ആദ്യമൊക്കെ നന്നായി പഠിച്ചിരുന്നു,പക്ഷെ ഈ ഫോര്‍ത്ത് സെമസ്റ്റര്‍ ആയപ്പോള്‍ എങ്ങനെയെങ്കിലും ജയിച്ചോളും എന്ന തോന്നൊലൊക്കെയായി.....

രാത്രിയാകുന്നതോര്‍മിപ്പിച്ചുകൊണ്ട് കാക്കകള്‍ കോഫീ ഹൌസിനു മുകളിലുള്ള ചില്ലകളിലേക്ക് ചേക്കേറിത്തുടങ്ങി.
ഞാന്‍ ഒരുപാടു മാറിപ്പോയി,അല്ല സാഹചര്യങ്ങള്‍ എന്നെ മാറ്റി എന്നു പറയുന്നതാവും ശരി.പക്ഷെ ഈ മാറ്റങ്ങളൊക്കെയും എന്റെ പുറമേ മാത്രമേയുള്ളു,ഉള്ളില്‍ ആളുകളുടെ മുഖത്തുനോക്കാന്‍ മടിയുള്ള,സംസാരിക്കന്‍ പേടിയുളള നാണംകുണുങ്ങിപ്പയ്യന്‍ തന്നെയാണിപ്പഴും.ഞാന്‍ പറയുന്നയുതൊന്ന്,ചിന്തിക്കുന്നത് വേറൊന്ന്,എന്നാല്‍ പ്രവര്‍ത്തിക്കുന്നതോ ഇതുമായി യാതൊരു ബന്ധമില്ലാത്തകാര്യങ്ങളും.

മതി,മതി,മതി നിര്‍ത്താറാ‍യി,ഇനിയും ചിന്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.

ഞാന്‍ പതുക്കെ ടെറസ്സില്‍ എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി.അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നതിനിടയില്‍ പലതും ചിന്തിച്ചുകൂട്ടി.

എന്റെ ജീവിതയാത്രയില്‍ (യാത്ര തുടങ്ങിയതേ ഉള്ളൂവെങ്കിലും)പലപ്പോഴും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നെങ്കിലും എത്തിപ്പിടിക്കനാവുമായിരുന്ന ചെറിയ ചെറിയ ലക്ഷ്യങ്ങളുണ്ടായിരുന്നു.ഈ കുസാറ്റില്‍ ഞാന്‍ എത്തിച്ചേരുമെന്നും എം സി എക്ക് പഠിക്കുമെന്നൊന്നും എന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല.

പക്ഷെ ഡിഗ്രി കഴിഞ്ഞുണ്ടായ അനിശ്ചിതാവസ്ഥ(അതിനെക്കുറിച്ച് പിന്നെപ്പറയാം)എനിക്ക് ഒരു ലക്ഷ്യം നല്‍കി,അതിനു ഒരു കാരണവുമുണ്ട്.സ്വതവേ ആത്മവിശ്വാസമില്ലയ്മ എന്റെ ഒരു പ്രശ്നമാണ്,ഈ ആത്മവിശ്വാസമില്ലയ്മ എല്ലാ കാര്യത്തിലുമുണ്ട് .പക്ഷെ രമ്യയ്ക്ക് സി. ഇ. റ്റി .യില്‍ അഡ്മിഷനും, വരുണിന് സി.റ്റി.എസില്‍ ജോലിയും കിട്ടിയപ്പോള്‍ ഇതൊന്നും കിട്ടാക്കനികളല്ലന്ന് എനിക്കു മനസ്സിലായി.ആ കണ്ടെത്തലാണ് എന്നെ ഈ ക്യാമ്പസില്‍ എത്തിച്ചത്.ഒത്തിരി സ്വപ്നങ്ങളുമായാണ് ഇവിടെ വന്നതെങ്കിലും അഞ്ച് സെമസ്റ്ററുകള്‍ വെറുതെ കഴിഞ്ഞു പോയി.ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം വളര്‍ത്തിക്കൊണ്ടിരിക്കുകയാണു ഞാന്‍.

എന്തായാലും പേനയും പേപ്പറുമായി ഇതിന്റെ മുകളില്‍ വലിഞ്ഞു കയറി ,എന്തെങ്കിലും എഴുതിയിട്ടുപോകാം.പ്രണയത്തെക്കുറിച്ചായലോ,അറിയാത്ത വിഷയമാകുമ്പോള്‍ എന്തും എഴുതാമല്ലോ. സൌഹൃദം ഇന്ന് പ്രണയിക്കാനുള്ള എളുപ്പ വഴിയായാണ് എനിക്കു തോന്നുന്നത് .എന്റെ നല്ല സുഹൃത്തുക്കള്‍ ക്ഷമിക്കുക..........
എന്റെ ചിന്തകള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് കൊച്ചിയിലെ കൊതുകുകള്‍ കൂട്ടമായി എത്തിത്തുടങ്ങി. ഞാന്‍ എന്റെ മുറിയിലേക്ക് പോകുവാന്‍ തീരുമാനിച്ചു.

********************
വേസ്റ്റു ബോക്സ് നിറഞ്ഞ് പേപ്പര്‍ ചുരുളുകള്‍ താഴെ വീണുതുടങ്ങി,എന്നിട്ടും അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു തുടക്കം കിട്ടുന്നില്ല.
“ഞാന്‍ എത്രയോ നേരമായി എഴുതുവാന്‍ ശ്രമിക്കുന്നു,ഇന്ന് കൂട്ടുകാരികളെല്ലാം വീട്ടില്‍ പോയതുകൊണ്ടാണ് കുറേ നാളുകളായി മനസ്സിലുള്ള ആ വരികള്‍ പേപ്പ റിലേക്ക് പകര്‍ത്തണമെന്ന് വിചാരിച്ചത്.പക്ഷെ ചിന്തിച്ചു തുടങ്ങുമ്പോള്‍ ചിന്തകള്‍ കാടുകയറുന്നു.കാടുകയറുന്നെങ്കില്‍ ആയിക്കോട്ടെ ,കാടു കയറി,കാടു കയറി പൂക്കളും പുഴകളും ,പക്ഷികളുമൊക്കെയാകുമ്പോള്‍ നല്ല നല്ല വരികള്‍ താനെ ഒഴുകി വരും.പക്ഷെ പണ്ടൊന്നും ഇങ്ങനത്തെ കുഴപ്പമൊന്നുമില്ലായിരുന്നു.ങാ അന്നൊക്കെ എനിക്കു നല്ല സ്വകാര്യതയുണ്ടായിരുന്നു,ഇന്നു കൂട്ടുകാരികളെയൊക്കെ പേടിച്ചുവേണം ഒരു കവിത എഴുതാന്‍.അവളുമാരുടെ കയ്യിലെങ്ങാനും കിട്ടിയാല്‍ പിന്നെ തീര്‍ന്നു കഥ...“

“ സമയം ഏഴു കഴിഞ്ഞു,ഇനി കുളിച്ചിട്ടാകാം കവിതയെഴുത്ത്. “
**************************
“കുളി കഴിഞ്ഞപ്പോള്‍ മനസ്സിനാകെ ഒരു ഉന്മേഷം തോന്നുന്നു.“
പെട്ടെന്ന് എന്തോ ആവേശത്തില്‍ പേനയും പേപ്പറുമെടുത്ത് അവള്‍ എഴുതിത്തുടങ്ങി. ആ എഴുത്ത് മണിക്കൂറുകളോളം തുടര്‍ന്നു.

“കൊള്ളം അങ്ങനെ എന്റെ സമ്പാദ്യത്തിലേക്ക് ഒന്നു കൂടി.“

കൂട്ടുകാരികളാരെങ്കിലും കാണുമെന്നു പേടിച്ച് കബോര്‍ഡിന്റെ ഏറ്റവും ഉള്ളിലായി മറ്റു ബുക്കുകള്‍ക്കിടയിലായാണ് അവള്‍ തന്റെ കവിതകള്‍ സൂക്ഷിക്കുന്നത്.ആറാം ക്ലാസ്സുമുതല്‍ നിധിപോലെ സൂക്ഷിക്കുന്ന ഈ കവിതകള്‍ അവളുടെ ജീവന്റെ ഭാഗമാണ് .ഈ കവിതയെഴുത്ത് ശരിക്കും അവള്‍ക്കൊരു ശീലമൊന്നുമല്ല.വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴാണ്,അത് സന്തോഷം കൊണ്ടാകാം,സങ്കടം കൊണ്ടാകാം,ഓര്‍മ്മകള്‍ ആകാം,ഏകാന്തതയാവാം,എഴുതുവാന്‍ തോന്നുക.

“ഭക്ഷണം കഴിക്കാറായി.ചില നേരത്ത് കൂട്ടുകാരികള്‍ ശല്യമാണെങ്കിലും ഇപ്പോള്‍ ആകെ ഒരു ഒറ്റപ്പെടല്‍.“

മീര പാത്രവുമായി മെസ്സ് ഹാളിലേക്കു നടന്നു.
തുടരും

Saturday, October 13, 2007

കീയൊ കീയൊ

“കീയൊ കീയൊ“ ഈ പേര്‍ വളരെനേരത്തെ ശ്രമം കൊണ്ട് ഒപ്പിച്ചെടുത്തതാണ്. പല പല പേരുകളും ശ്രമിച്ചു നോക്കി പക്ഷെ ഏതൊക്കെയൊ വൃത്തികെട്ടവന്മര്‍ അതൊക്കെ അടിച്ചുമാറ്റി ഇന്‍ആക്ടിവാക്കി ഇട്ടിരിക്കുന്നു. അതുകൊണ്ട് എനിക്കു കീയോ കീയോ എന്ന പേരു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സാരമില്ല കാക്കയ്ക്ക് തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു .“കീയൊ കീയൊ“ അത്ര മോശം പേരൊന്നുമല്ല അല്ലേ.