Monday, April 14, 2008

കുതിര മുഖത്തേക്ക് ഒരു യാത്ര

1.കൂട്ടിക്കിഴിക്കലുകള്‍ വെട്ടിത്തിരുത്തലുകള്‍

ആരുടെ തലയിലാണീ ഐഡിയ ഉദിച്ചതെന്നറിയില്ല, പക്ഷേ സംഭവം എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടു "ഒരു ട്രിപ്പ്". കഴിഞ്ഞമാസം സാവന്‍ ദുര്‍ഗയില്‍ മല കയറിയതില്‍ പിന്നെ ട്രിപ്പൊന്നും പോയിട്ടില്ല. തിന്നണത് എല്ലിന്റെ ഇടയില്‍ കേറിയിട്ടാണോ എന്നറിയത്തില്ല, വീണ്ടും മല കയറിയാലോ എന്ന ആലോചന എല്ലാവരുടേയും തലക്കുപിടിച്ചത്. അങ്ങനെ അന്നുമുതല്‍ ഓഫീസില്‍ നിന്നും വീട്ടില്‍ വന്നാല്‍ എല്ലാവരും കൂടി ചര്‍ച്ച ട്രിപ്പിനെപ്പറ്റിയായി.

ചില ശാരീരിക പ്രശ്നങ്ങളാല്‍(പുറത്തു പറയാന്‍ വയ്യ) അന്തോണിച്ചന്‍ ആദ്യം തന്നെ പിന്‍മാറി. ആദ്യ ദിവസത്തെ ചര്‍ച്ചാമഹാമഹം അവസാനിച്ചപ്പോള്‍ ഏപ്രില്‍ നാലിനു വൈകിട്ടു ട്രയിനിങ് കഴിഞ്ഞ് ജെയ്സ് എപ്പോള്‍ വരുന്നോ, അപ്പോള്‍ പുറപ്പെടാമെന്നുള്ള ധാരണയായി. അങ്ങനെ അന്നുമുതല്‍ ഓഫീസില്‍ പോയി ചെയ്യാന്‍ ഒരു പണിയായി. ബാഗ്ലൂരിനു ചുറ്റുമുള്ള മുഴുവന്‍ ട്രക്കിങ് സ്പോട്ടും അരിച്ചു പെറുക്കാന്‍ തുടങ്ങി,അങ്ങനെയാണ് കുടജാദ്രിയിലേക്ക് ഒരു തീര്‍ത്ഥയാത്ര ആയാലോ എന്ന ആശയം സുമേഷ് മുന്നോട്ടു വച്ചത്. സ്ഥലം കുടജാദ്രിയായതു കൊണ്ടും അവിടെ ഞാന്‍ പല പ്രാവിശ്യം പോയിട്ടുണ്ടെന്ന് അവകാശപ്പെട്ടതു കൊണ്ടും പ്ലാനിങ് എന്റെ തലയിലായി.

അടുത്തദിവസം ഓഫീസിലെത്തി ഗൂഗിളും വിക്കിമാപ്പിയയുമൊക്കെ അരിച്ചു പെറുക്കി ബാഗ്ലൂരില്‍ നിന്നും കുടജാദ്രിയിലേക്കുള്ള വഴിയും കണ്ടുപിടിച്ചു. പക്ഷേ കണക്കുകൂട്ടിനോക്കിയപ്പോള്‍ രണ്ടു ദിവസം കൊണ്ട് "തീര്‍ത്ഥയാത്ര" തീരും. തിങ്കളാഴ്ച അവധിയായതുകൊണ്ട് തീര്‍ത്ഥയാത്രയെ വലിച്ചുനീട്ടി ഒരു പിക്നിക് കം തീര്‍ത്ഥയാത്ര ആക്കിയാലോ എന്ന് അപ്പോഴാണ് ജിഫി ചോദിച്ചത്. അതായത് ആദ്യ പകുതി ഭക്തിനിര്‍ഭരമായ തീര്‍ത്ഥയാത്രയും രണ്ടാം പകുതി ആനന്ദനിര്‍ഭരമായ പിക്നികും.

അങ്ങനെയാണ് ഞങ്ങളുടെ ലിസ്റ്റില്‍ കുദ്രേമുഖും (Kudremukh) വന്നുപെട്ടത്. കുദ്രേമുഖ് എന്നു പറഞ്ഞാല്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കുതിരയുടെ മുഖം എന്നാണ് അര്‍ത്ഥം. അതായത് അവിടുത്തെ ഏറ്റവും ഉയര‍മുള്ള മലയ്ക്ക് കുതിരയുടെ മുഖമാണത്രേ(ആവോ ആര്‍ക്കറിയാം). അങ്ങനെ കുതിര മുഖത്തേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഞങ്ങള്‍ ഏഴുപേരാണ് (ജിഫി,സുമേഷ്,അനൂപ്,മൊട്ട,അനിലാല്‍,ജെയ്സ്, പിന്നെ ഞാനും)പോകാനായി തീരുമാനിച്ചത്. എന്നാല്‍ സമ്മതം കിട്ടാത്തതുകൊണ്ട്(ആരില്‍ നിന്നെന്ന് നിങ്ങള്‍ ഊഹിച്ചോളു)ജെയ്സും,ഞങ്ങള്‍ക്ക് അവ്യക്തമായ കാരണങ്ങളാല്‍ അനിലാലും അവസാനനിമിഷം ട്രിപ്പില്‍ നിന്നും പിന്മാറി. പിന്നെ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രമായി ബാക്കി.

പോകുന്നത് കാട്ടിലേക്കായതു കൊണ്ടും, അവിടെ മനുഷ്യവാസം കുറവായതു കൊണ്ടും ശക്തമായ ഒരുക്കങ്ങളാണ് ഞങ്ങള്‍‍ നടത്തിയത്. ഞങ്ങള്‍ക്കു മുന്‍പ് ,ഭക്ഷണം കഴിച്ചിട്ട് എല്ലിന്റെ ഇടയില്‍ കയറിയവന്മാരുടെ അനുഭവങ്ങള്‍ വായിച്ചും,ഉപദേശങ്ങള്‍ സ്വീകരിച്ചും,കിട്ടാവുന്ന റൂട്ട് മാപ്പുകള്‍ സംഘടിപ്പിച്ചും വെള്ളിയാഴ്ചയ്ക്കായി ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ കുദ്രേമുഖിന്റ് മാപ്പ് നോക്കിയപ്പോഴാണ് ആ സത്യം ഞങ്ങള്‍ക്ക് മനസ്സിലായത്, അവിടെ ട്രക്കിങിനായി 14 റൂട്ടുകള്‍ ഉണ്ട്. അവസാനം റൂട്ട് 4 ആണ് ഞങ്ങള്‍ക്ക് പറ്റിയതെന്ന് മനസ്സിലാക്കി(കാരണം, രണ്ടു സൈഡുമായി 33 കി.മി. ട്രക്കിങ് ഉണ്ട്. ഈ ഒരു ട്രിപ്പ് കൊണ്ട് ഒരുമാതിരി "പ്രശ്നങ്ങളൊക്കെത്തീരും". പിന്നെ ട്രിപ്പ്,ട്രിപ്പ് എന്നും പറഞ്ഞ് ഒരുത്തനും അലറിവിളിക്കത്തില്ലല്ലോ!)

ഇട്ടോണ്ടു പോകാനുള്ള ഡ്രസ്സൊക്കെ വെള്ളിയാഴ്ച രാവിലെതന്നെ അലക്കിയിട്ടു(കൃത്യമായി അലക്കാറുള്ളതുകൊണ്ട് വളരെ കുറ‍ച്ചേ അലക്കാന്‍ ഉണ്ടായിരുന്നുള്ളൂ!). കൊണ്ടു പോകാനുള്ള സാധനങ്ങളൊക്കെ ഉച്ചയ്ക്ക് വന്ന് വാങ്ങാമെന്ന് പറഞ്ഞ് എല്ലാവരും ഓഫീസില്‍ പോയി.

ഞങ്ങള്‍ ട്രിപ്പ് പോകുന്നതില്‍ ആര്‍ക്കൊക്കെയോ ദഹിക്കാത്തതുപോലെ ,ഉച്ചയ്ക്ക് ഒരു രണ്ടു മണിയോടു കൂടി, ആദ്യം ചന്നം പിന്നവും പിന്നെ വേറെ എങ്ങനെയൊക്കെയൊ മഴ പെയ്തു തുടങ്ങി. അവസാനം ഒരു 3 മണിയോടുകൂടി സൂര്യന്‍ തലപൊക്കിയ ആ ഗ്യാപ്പില്‍ ഞാനും അനൂപും ഓഫീസില്‍ നിന്ന് വണ്ടിയുമായി ഇറങ്ങി. അലക്കിയത് ഇഷ്ടപ്പെടഞ്ഞിട്ടാണോ അതോ അലക്കിയത് ശരിയാകാത്തതു കൊണ്ടണോ(പരിചയം കുറവാണേ...) ഏന്നറിയത്തില്ല, ഉണക്കാനിട്ടിരുന്ന തുണികള്‍ മുഴുവന്‍ മഴയത്ത് ഒന്നുകൂടി കഴുകിയിട്ടിരിക്കുന്നു. പിന്നെ ഒന്നും ആലോചിക്കാന്‍ ഉണ്ടായിരന്നില്ല ,സാധാരണപോലെ അലക്കിയിട്ടു മാസങ്ങളായ ഡ്രസ്സുകളെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്നു. പിന്നെ ഒരു കാര്യം ജീന്‍സ് മേടിച്ചാല്‍ പിന്നെ അലക്കരുത്,അലക്കിയാല്‍ കളറുപോകും

അട്ട കടി അലര്‍ജി ആയതിനാല്‍ ,അട്ടക്കെതിരെ പ്രയോഗിക്കാന്‍ കുറച്ചു പുകയില കൂടി വേണ്ടിയിരുന്നു. പക്ഷേ ബംഗ്ലൂരില്‍ എവിടെയാണു പുകയില. പിന്നെ അവസാനം മലായാളി യുവാക്കളുടെ പഴയ ബ്രാന്‍ഡഡ് സാധനമായ ഹാന്‍സ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നു. അങ്ങനെ ഒരു 6.30 യോടു കൂടി രാജു ചേട്ടന്റെ കടയില്‍ നിന്ന് ഒരു ചായയും കുടിച്ച് ,ഏകദേശം 425 കി.മി. കള്‍ക്കു അപ്പുറമുള്ള കുടജാദ്രിയിലേക്ക് ഞങ്ങളുടെ ബൈക്കുകള്‍ ഇരമ്പിപ്പാഞ്ഞു.

രാത്രിയില്‍ ഷിമോഗയില്‍ തങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഞാന്‍ ജിഫിയുടെ ബൈക്കിന്റെ പിന്നിലായിരുന്നു കയറിയത്. നൈസ് റോഡിലൂടെ 125-130 km/hr പോയെങ്കിലും ,അതു കഴിഞ്ഞ് തുംകൂര്‍ വരെ നല്ല ട്രാഹിക്കായിരുന്നു. അവിടുന്ന് നേരെ NH 206 ല്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്കാശ്വാസമായി "NH ആയല്ലോ". എന്നാല്‍ പഞ്ചാരയിടാത്ത കട്ടന്‍ ചായ കുടിച്ചിറക്കുന്നതുപോലെ ഞങ്ങള്‍ക്ക് ആ സത്യത്തെ ഉള്‍ക്കൊള്ളേണ്ടി വന്നു , റോഡിന് ആകെ കഷ്ടിച്ച് നാലു മീറ്റര്‍ വീതിയേയുള്ളു. ആ റോഡിനെ NH ആക്കിയവന്മാരെ അപ്പോഴെങ്ങാന്‍ കണ്ടിരുന്നെങ്കില്‍ ഇതിനു കുറച്ചു കൂടി വീതി കൂട്ടി ഉണ്ടാക്കാന്‍ പാടില്ലായിരുന്നോ എന്ന് ചോദിക്കാമായിരുന്നു. ഈ റോഡിലൂടെ എങ്ങനെയാണ് 300 കി.മി. അപ്പുറമുള്ള ഷിമോഗയില്‍ എത്തുക. പിന്നെ ,എവിടെവച്ച് ഉറക്കം വരുന്നോ അവിടെ തങ്ങാമെന്ന പ്ലാനില്‍ വണ്ടി വിട്ടു.
ഇടയ്ക്ക് എവിടെയോ ഒരു കാട്ടുമുക്കില്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തി. അവിടെ ആകെ റൊട്ടി മാത്രമേയുള്ളു,റൊട്ടിയെങ്കില്‍ റൊട്ടിയെന്നും പറഞ്ഞ് കാത്തിരുപ്പു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ റൊട്ടിയെത്തി.
"അയ്യേ ഇതെന്താ പൊറോട്ടയ്ക്കും ,ചപ്പാത്തിക്കും കൂടി ഉണ്ടായ ആദ്യ സന്താനമാണോ ഈ റൊട്ടി എന്നു പറയുന്നത്" ഞങ്ങള്‍ അറിയാതെ ചോദിച്ചു പോയി.

ഭക്ഷണം കഴിഞ്ഞ് ,വണ്ടിയൊക്കെ നോക്കിയപ്പോള്‍ സുമേഷിന്റെ 220 യ്ക്ക് ഒരു കുഴപ്പം, ബായ്ക്ക് വീല്‍ നല്ല ടൈറ്റ്, ഒരു നൂറിന് അപ്പുറത്തേക്ക് വണ്ടി കയറുന്നേയില്ല. സമയം ഏകദേശം പത്തുമണി കഴിഞ്ഞതിനാലും, സ്ഥലം അത്ര പന്തിയല്ലാത്തതിനാലും തല്‍ക്കാലം അങ്ങനെയങ്ങു പോയി ,നാളെ ഷിമോഗയില്‍ പോയി നന്നാക്കാമെന്ന് തീരുമാനിച്ച് വണ്ടി വിട്ടു.

മൊട്ട ഏറ്റവും മുന്നിലും , ഞാനും ജിഫിയും നടുക്കും, പിറകില്‍ സുമേഷും അനൂപും അങ്ങനെയാണ് ഞങ്ങളുടെ വണ്ടികള്‍ പൊയ്ക്കൊണ്ടിരുന്നത്. പെട്ടെന്ന് ഒരു വളവില്‍ വച്ച് മൊട്ടയെ കാണുന്നില്ല. വളവ് കാണാതെ മൊട്ട നേരെയങ്ങു പോയി റോഡിന്റെ സൈഡിലുള്ള പാടത്ത് ഞങ്ങള്‍ക്കായി വെയിറ്റ് ചെയ്യുകയായിരുന്നു

"പാടത്തുനിന്ന് വണ്ടി തള്ളി കേറ്റണ്ടേ".

ഭാഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടാകാതിരുന്നതുകുണ്ടും, ഭാവിയില്‍ കുഴപ്പമൊന്നും ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയും അടുത്തുള്ള ടിപ്ടൂര്‍ എന്ന സ്ഥലത്ത് അവര്‍ പറഞ്ഞ വാടകയ്ക്ക്, അവര്‍ പറഞ്ഞ റൂമില്‍ കിടന്നുറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

(ഇതു വരെയുള്ള യാത്ര രാത്രിയില്‍ ആയതുകൊണ്ട് പടങ്ങളൊന്നും പിടിച്ചില്ല.അടുത്ത ദിവസം ആകട്ടെ ശരിയാക്കിത്തരാം)